
ഹൃദയത്തില്‍ 2 ബ്ലോക്ക്, മഹാധമനിയുടെ മുകള്‍ഭാഗത്ത് വിണ്ടുകീറല്‍, താഴെഭാഗത്ത് ബലൂണ്‍പോലെ വീര്‍ത്തു: അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.
കണ്ണൂര്‍ : വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വമായ ഒരു ജീവന്‍ രക്ഷിക്കല്‍ ദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സാക്ഷ്യം വഹിച്ചത്. കണ്ണൂര്‍ സ്വദേശിയായ 78 വയസ്സുകാരന്‍ പുറമെ നിന്ന് നടത്തിയ സ്‌കാനിംഗില്‍ വയറിലെ രക്തധമനി ബലൂണ്‍ പോലെ വീര്‍ത്ത നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. നിലവില്‍ പ്രമഹം, രക്താതിസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍കൂടി ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിട്ടില്ലെങ്കില്‍ രക്തധമനിയിലെ വീക്കം പൊട്ടുവാനും അത് ജീവന് തന്നെ അപകടം സംഭവിക്കുവാനും സാധ്യതയയുള്ളതിനാല്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു.
അഡ്മിറ്റ് ചെയ്തശേഷം സി. ടി. സ്‌കാന്‍ നടത്തിയപ്പോള്‍ വൃക്കയില്‍ നിന്ന് താഴേക്ക് പോകുന്ന മഹാധമനിയിലെ ബലൂണ്‍ പോലെയുള്ള വീക്കത്തിന് പുറമെ മുകളിലേക്ക് പോകുന്ന മഹാധമനിയില്‍ വിള്ളലും സംഭവിച്ചിരുന്നു. ഇതിന് പുറമെ ഹൃദയത്തിന്റെ രക്തക്കുഴലില്‍ രണ്ട് ബ്ലോക്കുകള്‍ കൂടി കണ്ടെത്തുകയും ചെയ്തു. ഈ മൂന്ന് അവസ്ഥകളും അതീവ ഗുരുതരമായവയാണ്. സാധാരണഗതിയില്‍ തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ് ചെയ്യുക. അങ്ങിനെ ചെയ്താലും പൂര്‍ണ്ണമായ വിജയസാധ്യത ഉറപ്പ് പറയാനും സാധിക്കില്ല. ഇതിന് പുറമെ രോഗി തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേനാകുവാന്‍ തയ്യാറാവാതിരിക്കുകയും ചെയ്തതോടെ അടുത്ത സാധ്യതകള്‍ പരിശോധിക്കുവാന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയും ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യാന്‍ റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റിയും, മഹാധമനിയിലെ തകരാറുകള്‍ക്ക് പെര്‍ക്യുട്ടേനിയസ് ക്ലോഷ്വര്‍ ഡിവൈസും ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഇതിന്‍ പ്രകാരം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഹൃദയത്തിലെ ബ്ലോക്ക് നീക്കുവാനുള്ള പ്രൊസീജ്യറിന് വിധേയനാക്കി. റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റി എന്ന താക്കോല്‍ദ്വാര രീതിയിലൂടെ കൈയിലെ ധമനിയിലൂടെ പ്രത്യേകം ട്യൂബ് കടത്തിവിട്ടാണ് ബ്ലോക്കുകള്‍ നീക്കം ചെയ്തത്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുകയും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയുടെ കാലിലെ ഞരമ്പിലൂടെ പെര്‍ക്യൂട്ടേനിയസ് ക്ലോഷ്വര്‍ ഡിവൈസ് എന്ന നൂതന സംവിധാനം സന്നിവേശിപ്പിക്കുകയും മഹാധമനിയുടെ മുകള്‍ഭാഗത്തെ വിള്ളല്‍ സ്റ്റെന്റ് വെച്ച് അടക്കുകയും, കീഴ്ഭാഗത്തെ ബലൂണ്‍പോലെ വീര്‍ത്തഭാഗം ‘വൈ’ ആകൃതിതിലുള്ള പ്രത്യേകം സ്റ്റെന്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്തു.
അതീവ സങ്കീര്‍ണ്ണമായ ഈ പ്രൊസീജ്യറുകള്‍ നിര്‍വ്വഹിക്കുവാന്‍ അനസ്തീസിയ നല്‍കേണ്ടി വന്നില്ല, വലിയ മുറിവുകള്‍ സൃഷ്ടിക്കേണ്ടി വന്നില്ല എന്നതും, രക്തം കയറ്റേണ്ട ആവശ്യം വന്നില്ല എന്നതും തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമായ നേട്ടങ്ങളാണ് എന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഡോ. പ്ലാസിഡ് സെബാസ്റ്റ്യന് പുറമെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. അനിൽകുമാർ, ഡോ. ഉമേശൻ ഡോ.വിനു, ഡോ വിജയൻ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ എന്നിവരും നേതൃത്വം നല്‍കി.
പത്ര സമ്മേളനത്തിൽ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അനിൽകുമാർ, ഡോ. ഉമേശൻ ഡോ.വിനു, ഡോ വിജയൻ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു