കണ്ണൂര്‍: വിശപ്പ് സഹിക്കാനാവാതെ പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കിയെന്ന പേരില്‍ നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വാസ്‌തവവിരുദ്ധമായ പ്രചാരണം. നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍ കേരളം നേട്ടമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു വിശപ്പ് മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന 15കാരിയേക്കുറിച്ച് വ്യാപക പ്രചാരണം ആരംഭിച്ചത്. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ നിന്നും മറ്റ് നിരവധിപ്പേരും ഈ പ്രചാരണം നടത്തിയിരുന്നു.പേരാവൂര്‍ പഞ്ചായത്തിലെ ശ്രുതിമോളുടെ മരണമാണ് വിശപ്പ് സഹിക്കാനാവാതെ നടന്ന ആത്മഹത്യയെന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ ഈ പ്രചാരണത്തിന് ആധാരമായ സംഭവം നടന്നത് സമീപകാലത്തല്ല, 2016ലാണ്. 2016 ഏപ്രിലില്‍ മാസത്തിലാണ് ചെങ്ങോത്ത് പൊരുന്നന്‍ രവിയുടേയും മോളിയുടേയും മകളായ ശ്രുതിമോള്‍ ആത്മഹത്യ ചെയ്തത്. വിശപ്പുമൂലമുള്ള ആത്മഹത്യയെന്ന് പിണറായി വിജയനടക്കമുള്ളവര്‍ അന്ന് പ്രതികരിച്ചിരുന്നു.സൈക്കിള്‍ വാങ്ങി നല്‍കാത്തതില്‍ കുട്ടി വിഷമത്തിലായിരുന്നുവെന്നും ശ്രുതിമോളുടെ പിതാവ് അന്ന് വിശദമാക്കിയിരുന്നു. വീട്ടിലെ ചില പ്രശ്നങ്ങള്‍ മൂലമുണ്ടായ മനോവിഷമമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസും സംഭവത്തേക്കുറിച്ച് വിശദമാക്കിയിരുന്നത്. ഈ ആത്മഹത്യ സമീപകാലത്ത് നടന്നതല്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ എഫ്‌ബി പോസ്റ്റിന് മറുപടി നല്‍കിയവരോട് ഏത് കാലത്താണ് നടന്നതെന്നത് അപ്രസക്തമാണെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദിവസം തോറും ഇത്തരം സംഭവം നടക്കുന്നുണ്ടെന്നായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചത്.
നീതി ആയോഗിന്‍റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണുള്ളത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്താണ്. മേഘാലയ(32.67) ആണ് അഞ്ചാമത്. പട്ടികയില്‍ ഏറ്റവും താഴെയാണ് കേരളം. കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ഗോവ(3.76), സിക്കിം (3.82), തമിഴ്‌നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.