//
12 മിനിറ്റ് വായിച്ചു

നൂറുകോടിയുടെ തട്ടിപ്പ്‌:
 മുഖ്യപ്രതി പിടിയിൽ

കൂത്തുപറമ്പ്: മണിച്ചെയിൻ മാതൃകയിൽ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ്‌ ഫൈസലിനെയാണ് കൂത്തുപറമ്പ് സിഐ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിന് പേരുടെ പണമാണ് നഷ്ടമായത്.
കോഴിക്കോട് ആസ്ഥാനമായ മൈ ക്ലബ്‌ ട്രേഡേഴ്സ് എന്ന  കമ്പനിയുടെ പേരിലായിരുന്നു  തട്ടിപ്പ്‌. എന്നാൽ, അങ്ങനെയൊരു കമ്പനിയില്ലെന്ന്‌ പൊലീസ് കണ്ടെത്തി. പ്രിൻസസ് ഗോൾഡൻ ഡയമണ്ട് എന്ന പേരിൽ ബാങ്കോക്കിലും തായ്‌ലൻഡിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തിലേറെ പേർ ഇതിൽ കണ്ണികളായി. ഒരുലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ  നിക്ഷേപിച്ചവരുണ്ട്.
ഓരോവർഷവും വലിയ തുക തിരിച്ചുകിട്ടും എന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്.  വിവിധ ജില്ലകളിൽ പ്രത്യേകം ഏജന്റുമാരും ഉണ്ടായിരുന്നു.   ചേരുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനും യൂസർ ഐഡിയും പാസ്‌വേഡും നൽകും. ആദ്യം ചെറിയ ചെറിയ തുക ലാഭവിഹിതമായി  നൽകി വിശ്വാസ്യത പിടിച്ചുപറ്റി. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ ആർക്കും പണം ലഭിക്കാതായി. ഇതോടെ തട്ടിപ്പിനിരയായവർ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  കൂത്തുപറമ്പ് അസി. പൊലീസ് കമീഷണർ പ്രദീപൻ കണ്ണിപൊയിലിന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ്‌ സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സിഇഒയുമായ മുഹമ്മദ് ഫൈസൽ അറസ്‌റ്റിലായത്‌.
ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവെ വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലാണ്‌  പിടികൂടിയത്‌.  തൃശ്ശൂർ, ആലപ്പുഴ, വയനാട്,  കാസർകോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാന കേസുണ്ട്.  മട്ടന്നൂർ സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാം പ്രതി. കമ്പനിയുടെ 12 ഡയറക്ടർമാരും പ്രതികളാണ്.
ഇവരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്‌.  അറസ്റ്റിലായ പ്രതിയെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!