തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ 11 കാരന് സി.ഐ.എസ്.എഫിൻ്റെ വെടിയേറ്റു. കുട്ടിയുടെ തലയിലാണ് ബുള്ളറ്റ് തറച്ചത്. സമീപത്തെ ഫയറിംഗ് റേഞ്ചിൽ നിന്ന് അലക്ഷ്യമായി ഉതിർത്ത വെടിയുണ്ട കൊള്ളുകയായിരുന്നു. ഗ്രൗണ്ടിന് സമീപമുള്ള മുത്തച്ഛന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. പുതുക്കോട്ടയ്ക്ക് സമീപമുള്ള നർത്തമലയിലാണ് സംഭവം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് റൈഫിളിൽ നിന്നുള്ള ബുള്ളറ്റ് കുട്ടിയുടെ തലയിൽ പതിച്ചത്. കുട്ടിയെ ഉടൻ പുതുക്കോട്ട മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് തലയ്ക്ക് പരിക്കേറ്റതായും അബോധാവസ്ഥയിലാണെന്നും ബുള്ളറ്റ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൂട്ടിംഗ് റേഞ്ച് താൽക്കാലികമായി അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം പ്രവർത്തിപ്പിക്കാൻ അനുവദിക്കുമെന്ന് കളക്ടർ അറിയിച്ചു.