കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ കണ്ണവം പെരുവ കോളനിയിലെ വീട്ടുവളപ്പിൽ നിന്നും മൂര്‍ഖന്‍ പാമ്പിന്‍റെ പതിമൂന്ന് മുട്ടകളാണ് ലഭിച്ചത്. കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം മുട്ടയുടെ സംരക്ഷണം കണ്ണൂരിലെ പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രവർത്തകനും റെസ്‌ക്യൂവെറും ആയ ഷിജു കൊയ്‌യാറ്റിലിനെ ഏല്പിച്ചു. വീട്ടിലെ ബക്കറ്റിലാണ് ഷിജു തനിക്ക് ലഭിച്ച മുട്ടകള്‍ സൂക്ഷിച്ചിരുന്നത്. ഏതാണ്ട് ഒരു മാസം കൊണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി. വിരിഞ്ഞ ഒൻപതു മൂർഖൻ കുഞ്ഞുങ്ങളെ തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണവം വനത്തിലേക്ക് തന്നെ തുറന്ന് വിട്ടു. രണ്ടു വയസ്സോടെയാണ് മൂർഖൻ പാമ്പുകൾ ഇണ ചേരാൻ തുടങ്ങുന്നത്. ഒറ്റ മുട്ടയിടലില്‍ പത്തു മുതൽ മുപ്പതു മുട്ടകൾവരെയുണ്ടാകും. ചക്കകുരുവിന്‍റെ ആകൃതിയിൽ പാതി വെളുത്ത നിറത്തിലായിരിക്കും മുട്ടകൾ. എന്നാല്‍, മഞ്ഞ നിറത്തിലുള്ള മുട്ടകൾ വിരിയാറില്ല. മൂര്‍ഖന്‍ പാമ്പിന്‍റെ മുട്ടകൾ സാധാരണഗതിയില്‍ നാൽപ്പത്തിയെട്ടു ദിവസം മുതൽ അറുപത്തിയെട്ട് ദിവസങ്ങൾക്ക് ഉള്ളിലാണ് വിരിയുക. എല്ലാ മുട്ടകളും വിരിയണമെന്നില്ല. മുട്ടയ്ക്കുള്ളില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍, തങ്ങളുടെ പാൽ പല്ലു കൊണ്ട് കുത്തി മുട്ടത്തോട് പൊട്ടിച്ചാണ് പുറത്തിറങ്ങുന്നത്.