ഉത്തർ പ്രദേശിൽ 14 വയസുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ രാത്രി 8.30ഓടെ വീടിനടുത്തുള്ള കാട്ടിലേക്ക് പോയ പെൺകുട്ടിയെ മൂന്ന് പേർ ചേന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 9 വയസുകാരി സഹോദരി എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് പെൺകുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. മൂന്നാമത്തെയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.