ഡെറാഡൂൺ > ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പർമേന്ദ്ര ഡോവൽ അറിയിച്ചു. മരിച്ചവരിൽ ഒരു സബ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുകളും ഉൾപ്പെടും.
ബദരിനാഥ് ഹൈവേയിലെ പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലക്കാരനും അപകടത്തിൽ മരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി മുരുകേശൻ പറഞ്ഞു.
“ഇത് ദുഃഖകരമായ സംഭവമാണ്. ജില്ലാ ഭരണകൂടവും പൊലീസും എസ്ഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രധാനപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ഹെലികോപ്റ്റർ വഴി ഋഷികേശ് എയിംസിലേക്ക് മാറ്റുകയും ചെയ്തു. മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്” ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.