/
10 മിനിറ്റ് വായിച്ചു

ഡോഗ്‌ സ്ക്വാഡിന്‌ ശൗര്യം പകരാൻ 23 ശ്വാനന്മാർ; പാസിങ് ഔട്ട്‌ നാളെ

അടവുകളും അനുസരണയും പരിശീലിച്ച്‌ പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ. ബെൽജിയം മാലിനോയ്‌സ്‌, ജർമൻ ഷെപേഡ്‌, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 നായ്‌ക്കളാണ്‌ സേനയുടെ ഭാഗമാകുന്നത്‌. വ്യാഴാഴ്‌ച തൃശൂർ രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ രാവിലെ പത്തിന്‌ നടക്കുന്ന പാസിങ്‌ ഔട്ട്‌ പരേഡിൽ ഡിജിപി അനിൽകാന്ത്‌ അഭിവാദ്യം സ്വീകരിക്കും. നായ്‌ക്കളുടെ 46 ഹാൻഡ്‌ലർമാരും സേനയുടെ ഭാഗമാകും.കേരള പൊലീസ്‌ അക്കാദമിയുടെ ഡോഗ്‌ ട്രെയിനിങ്‌ സ്കൂളിൽ ഒമ്പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ്‌ 12 ആണും 11 പെണ്ണും അടങ്ങുന്ന ശ്വാനന്മാർ ‘ഡ്യൂട്ടി’ക്ക്‌ കയറുന്നത്‌. 2021 മാർച്ച്‌ 19നാണ്‌ ഡോഗ്‌ ട്രെയിനിങ്‌ സ്കൂളിലെ 12–-ാമത്‌ ബാച്ചിന്റെ പരിശീലനം ആരംഭിച്ചത്‌.ആദ്യഘട്ടത്തിൽ 23പേർക്കും ഒരുമിച്ചായിരുന്നു പരിശീലനം. തുടർന്ന്‌ പ്രത്യേക വിഭാഗമായി തിരിച്ചു. 14 നായ്‌ക്കൾക്ക്‌ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിനും, അഞ്ചു നായ്‌ക്കൾക്ക്‌ കുറ്റകൃത്യസ്ഥലങ്ങളിൽനിന്ന്‌ തെളിവ്‌ ശേഖരിക്കുന്നതിനും പരിശീലനം നൽകി.മൂന്ന്‌ നായ്‌ക്കൾക്ക്‌ നിരോധിത മയക്കുമരുന്ന്‌ കണ്ടെത്തുന്നതിനും, ഒരു നായക്ക്‌ പ്രകൃതി ദുരന്തപ്രദേശങ്ങളിൽനിന്ന്‌ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനവുമാണ്‌ നൽകിയത്‌.സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തുന്നതിനുള്ള പരിശീലനം പൂർത്തിയായ നായ്‌ക്കളിൽ രണ്ടെണ്ണം ആലപ്പുഴ കെ–-9 സ്‌ക്വാഡിലേക്കും, ഓരോ നായ്‌ക്കളെ വീതം തിരുവനന്തപുരം സിറ്റി, റൂറൽ, തൃശൂർ സിറ്റി, റൂറൽ, കോഴിക്കോട്‌ സിറ്റി, റൂറൽ, കണ്ണൂർ സിറ്റി, റൂറൽ, കൊല്ലം സിറ്റി, എറണാകുളം റൂറൽ, കോട്ടയം എന്നീ കെ-9 സ്‌ക്വാഡുകളിലേക്കും കൈമാറും. മറ്റു നായ്‌ക്കൾ കൊച്ചി സിറ്റി, പാലക്കാട്‌, കണ്ണൂർ റൂറൽ, ഇടുക്കി, തൃശൂർ സിറ്റി, തിരുവനന്തപുരം സിറ്റി, റൂറൽ എന്നിവിടങ്ങളിൽ കർമനിരതരാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!