//
13 മിനിറ്റ് വായിച്ചു

നിലപാട് മാറ്റി എസ്.രാജേന്ദ്രന്‍; ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ല

സി പി ഐ എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ പങ്കെടുക്കില്ല.രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലെ ഇളവില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ എസ്. രാജേന്ദ്രന്‍ അറിയിച്ചിരുന്നു.പ്രധാനപ്പെട്ട സമ്മേളനമാണ് നടക്കുന്നതെന്നും ചെറുതായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു എസ് രാജേന്ദ്രന്‍ ഇന്നലെ നല്‍കിയ മറുപടി. ജില്ലാ കമ്മിറ്റി അംഗമായത് കൊണ്ട് പങ്കെടുക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കി.സിപിഐഎം ബ്രാഞ്ച്, ഏരിയ സമ്മേളങ്ങളില്‍ നിന്ന് എസ് രാജേന്ദ്രന്‍ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു.കുമളിയിലാണ് സമ്മേളനം നടക്കുന്നത്. ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ജില്ലയിലെ 14 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 196 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ദീപശിഖാ ജാഥയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവടയിലെ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ദീപശിഖ എത്തിച്ചത്. മൂന്നുദിവസമാണ് സമ്മേളനം നീണ്ടുനില്‍ക്കുന്നത്.

ദേവികുളം തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നടപടിയില്‍, മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.ബ്രാഞ്ച് തലം മുതലുള്ള പ്രവര്‍ത്തകരും അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ ആത്മാര്‍ത്ഥത കാണിച്ചില്ല. പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നു. വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയെന്നുമാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!