പാലക്കാട്: മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞുമുഹമ്മദിനോട് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ റിപ്പോർട്ട് തേടി. അമിതമായി മദ്യം കഴിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടെന്ന് കുഞ്ഞുമുഹമ്മദ് മറുപടി നൽകി. യാത്രക്കാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടത്. സംഭവം നടക്കുമ്പോൾ ടിക്കറ്റ് പരിശോധനയിലായിരുന്നെന്നും ടിടിഇ റെയിൽവെ പാലക്കാട് ഡിവിഷണൽ മാനേജരെ അറിയിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്താനാണ് പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജരുടെ തീരുമാനം.മാവേലി എക്സ്പ്രസിൽ മംഗലാപുരം മുതൽ ഷൊർണൂർ വരെയായിരുന്നു കുഞ്ഞുമുഹമ്മദിന്റെ ഡ്യൂട്ടി. റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവരിൽ നിന്ന് 250 രൂപാ പിഴയും അതുവരെ യാത്ര ചെയ്ത നിരക്കും ഈടാക്കാനാണ് റെയിൽവേ ചട്ടം. അതിന് ശേഷം തൊട്ടടുത്ത സ്റ്റേഷനിൽ ഇവരെ ഇറക്കിവിടണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കാതെയാണ് യാത്രക്കാരനെ മദ്യപിച്ചെന്ന സംശയത്തിൽ പൊലീസുദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. സംഭവം അറിഞ്ഞിട്ടും ടിടിഇ സ്ഥലത്ത് എത്തിയിരുന്നില്ല.