കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ സ്‌കൂളുകളുടെ കാര്യവും ചർച്ച ചെയ്യും. സാങ്കേതി വിദഗ്ധരുമായി കൂടി തീരുമാനിച്ച ശേഷം തീരുമാനം അറിയിക്കും. കൂടാതെ പരീക്ഷ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷൻ എന്നിവയെ സംബന്ധിച്ചും തീരുമാനം നാളെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകൾ ഇപ്പോഴുള്ള പോലെ തുടരണോ അതല്ല, ബാച്ചുകളായി നടത്തണോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകസമിതി യോഗത്തിൽ ഒമിക്രോൺ ഭീഷണിയും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യവും ചർച്ച ചെയ്യും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യത്തിലും തീരുമാനം നാളത്തെ യോഗത്തിലുണ്ടാകും.