തലശ്ശേരി: എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. തലശ്ശേരി -വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് രണ്ടാഴ്ചക്കകം പരിഹാരമാകും.എട്ടുവര്‍ഷം മുമ്ബ് നിര്‍മാണം തുടങ്ങിയ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി അവസാന ഘട്ടത്തിലെത്തി.വിദേശ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പഴയ എരഞ്ഞോളി പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിതത്. 94 മീറ്റര്‍ നീളത്തിലുള്ള പാലത്തിന്റെ ടാറിങ് പൂര്‍ത്തിയായി. മിനുക്കുപണി മാത്രമാണ് ഇനിയുള്ളത്. സര്‍വിസ് റോഡും പെയിന്റിങ്ങും വിളക്കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. പണി മുഴുവനായി തീര്‍ത്ത് ഫെബ്രുവരി ആദ്യവാരം തന്നെ പാലം ഉദ്ഘാടനത്തിനായി കൈമാറാനാകുമെന്ന് പദ്ധതി മാനേജര്‍ മുഹമ്മദ് സലീം പറഞ്ഞു. രണ്ട് അടിപ്പാതയും അനുബന്ധ റോഡുമടങ്ങുന്ന പാലം 14 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ ഇരുഭാഗത്തുമായി 230 മീറ്റര്‍ വീതം അനുബന്ധ റോഡും നിര്‍മിച്ചു. കുട്ടിമാക്കൂല്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് അടിപ്പാതയിലൂടെ പാലത്തില്‍ പ്രവേശിക്കാം. തലശ്ശേരി -വളവുപാറ കെ.എസ്.ടി.പി റോഡ് പദ്ധതിയുടെ ഭാഗമായാണ് എരഞ്ഞോളി പാലത്തിന് സമാന്തരപാലം നിര്‍മാണം തുടങ്ങിയത്. പ്രവൃത്തി ആരംഭിച്ച ശേഷമാണ് നിര്‍ദിഷ്ട ഉള്‍നാടന്‍ ജലപാതക്കായി പാലത്തിന്റെ ഉയരം കൂട്ടേണ്ട നിര്‍ദേശമുയര്‍ന്നത്. ഇതോടെ പ്രവൃത്തി തടസ്സപ്പെട്ടു. എസ്റ്റിമേറ്റും ഘടനയും പുതുക്കിയാണ് പിന്നീട് നിര്‍മാണം പുനരാരംഭിച്ചത്. അനുബന്ധ റോഡ് സ്ഥലമെടുപ്പും കോവിഡ് മഹാമാരിയും കാലവര്‍ഷവുമെല്ലാം ആയതോടെ നിര്‍മാണം അനിശ്ചിതമായി നീണ്ടു.ദിനേശ് ചന്ദ്ര ആര്. അഗര്‍വാള്‍ കമ്ബനിയാണ് നിര്‍മാണം നടത്തിയത്. നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയതിന്റെ ആശ്വാസത്തിലാണ് ഈ റൂട്ടിലെ നിത്യയാത്രക്കാര്‍.