കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന വാവ സുരേഷിനെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയ മെഡിക്കൽ ബുള്ളറ്റിൻ. സ്വകാര്യ ആശുപത്രിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തിന് ശേഷമുള്ള സാഹചര്യം പതുക്കെ അതിജീവിക്കുകയാണ്.തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിലും പുരോഗതിയുണ്ട്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ ചെറുതായി ചലിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. എന്നാൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് വാവ സുരേഷ് ഉള്ളത്. ആറംഗ വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്നലെ നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.