കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് ഇവരെ ക്ലാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയത്. ഇതുവരെയില്ലാത്ത വിലക്ക് ഇപ്പോൾ എന്തിനാണ് ഏർപ്പെടുത്തുന്നതെന്ന് വിദ്യാർത്ഥിനികൾ ചോദിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.