സ്വപ്നാ സുരേഷിന്റെ അഭിമുഖം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. ഇ ഡി കസ്റ്റഡിയിലിരിക്കെ പുറത്ത് വന്ന ശബ്ദരേഖയിൽ അന്വേഷണത്തിനും സാധ്യതയുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്‌തത് ആണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലാണ് നടപടി. സ്വർണ്ണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന വെളിപ്പെടുത്തൽ കസ്‌റ്റംസും പരിശോധിക്കും.എന്നാൽ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വ്യക്തമാക്കി. കേസ് കഴിഞ്ഞതിനുശേഷം വിഷയത്തില്‍ പ്രതികരണം നടത്താം. ഇതാണ് തന്റെ തുടക്കം മുതലേയുള്ള നിലപാടെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
സ്പേസ് പാര്‍ക്കില്‍ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണെന്ന് പുതിയ വെളിപ്പെടുത്തലില്‍ സ്വപ്നാ സുരേഷ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കര്‍ ദിവസവും തന്റെ വീട്ടിലും വരാറുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്‌ന വ്യക്തമാക്കി.അതേസമയം സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശിവശങ്കറിന്റെ ആത്മകഥയില്‍ പറയുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനെ വെള്ളപൂശാനുള്ളതാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.