//
10 മിനിറ്റ് വായിച്ചു

കുടിശ്ശിക തീ‍ർത്തില്ല, സ്റ്റോക്ക് തിരിച്ചെടുത്തു, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

കുടിശ്ശിക കൊടുത്ത് തീർക്കാത്തതിനാൽ വിതരണക്കാർ സ്റ്റെന്‍റ് അടക്കമുള്ളവയുടെ സ്റ്റോക്ക് തിരിച്ചെടുത്തതോടെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് കോടിയിലധികം രൂപയാണ് കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശികയായി കൊടുത്ത് തീർക്കാനുള്ളത്.എട്ട് മാസം മുൻപാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം പ്രവർത്തനം തുടങ്ങിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള വാർഡ് ആരോഗ്യ വകുപ്പിന്‍റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയതാണ്. എന്നാൽ ശസ്ത്രക്രിയക്ക് വേണ്ട വസ്തുക്കളുടെ വിതരണം നടത്തുന്ന കമ്പനിക്ക് അതിന്‍റെ പണം കൊടുത്തത് ആദ്യത്തെ രണ്ട് മാസങ്ങളിൽ മാത്രമാണ്.പിന്നീട് കുടിശ്ശികയായി വന്ന വലിയ തുക ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ നിരന്തരം സമീപിച്ചെങ്കിലും പണം കൊടുക്കാൻ നടപടിയുണ്ടായില്ല. ഒടുവിൽ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയെങ്കിലും കുടിശ്ശിക അനുവദിക്കാനുള്ള നീക്കമൊന്നുമുണ്ടായില്ലെന്ന് വിതരണക്കാർ പറയുന്നു.ശസ്ത്രക്രിയ നിശ്ചയിച്ച രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്താണ് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നത്. എന്നാൽ ഫണ്ടിന്‍റെ കുറവാണ് കുടിശ്ശിക കൊടുത്ത് തീർക്കുന്നതിന് തടസ്സമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എൻഎച്ച്എം ഫണ്ടാണ് ഹൃദ്രോഗ വിഭാഗത്തിനായി മാറ്റി വച്ചിരുന്നത്. ആ ഫണ്ട് കൊവിഡ് ചികിൽസ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്.ഇതിനൊപ്പം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണക്കുകൾ തയ്യാറാക്കുന്നതിൽ കാലതാമസവും വന്നു. ഉദ്യോഗസ്ഥർ തിരിച്ചെത്തിയാൽ ഉടൻ കുടിശ്ശികയിൽ കുറച്ച് തുകയെങ്കിലും കൊടുത്ത് തീർക്കാനാകുമെന്നാണ് കരുതുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!