//
26 മിനിറ്റ് വായിച്ചു

ഹരിദാസന്‍റെ കൊലപാതകം: തങ്ങള്‍ക്ക് അറിവില്ലെന്ന ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്നത് ;എം വി ജയരാജന്‍

ഹരിദാസന്‍റെ കൊലപാതകത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍.ബി.ജെ.പി.യുടെ ബി ടീം ആണ് കോണ്‍ഗ്രസ് എന്ന് വ്യക്തമാക്കുന്നതാണ് ഡിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. രണ്ടുകൂട്ടര്‍ക്കും സിപിഐ(എം) വിരോധം മാത്രമാണുള്ളത്.ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റും നഗരസഭാ കൗണ്‍സിലറുമായ എ. ലിജേഷ് അടക്കമുള്ള സംഘപരിവാര്‍ രാഷ്ട്രീയക്കാരാണ് കേസിലെ പ്രതികള്‍. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ലിജേഷിന് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം നല്‍കിയ ബിജെപി ജില്ലാ പ്രസിഡന്‍റിന് ലിജേഷിനെ അറിയില്ലെന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

add

ഉത്സവസ്ഥലത്തെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപിയും കോണ്‍ഗ്രസ്സും കൂടിയാലോചന നടത്തി പറയുന്നതാണ്. അത് വാസ്തവവിരുദ്ധമാണ്.സമീപകാലത്ത് ഉത്സവ-വിവാഹ സ്ഥലങ്ങളിലുണ്ടായ സംഘര്‍ഷത്തിന് യാതൊരു രാഷ്ട്രീയവുമില്ല. ഇത്തരം കേന്ദ്രങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നതും ആഭാസത്തരങ്ങള്‍ കാണിക്കുന്നതും ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും മുന്‍കൈയ്യെടുത്തുകൊണ്ടുള്ള പരിശ്രമം ജില്ലയിലാരംഭിച്ചിട്ടുണ്ട്. അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കുന്നതാണ് അനുഭവം. എന്നാല്‍ സിപിഐ(എം)നെ കുറ്റപ്പെടുത്തി സയാമീസ് ഇരട്ടകളായ രണ്ടുകൂട്ടരും ഹരിദാസന്‍റെ കൊലപാതകത്തെ അരാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.

കേസിലെ പ്രതിയായ ബിജെപി നേതാവിന്‍റെ കൊലവിളി പ്രസംഗത്തില്‍ പറയുന്നത് ഏത് രീതിയിലാണ് ഇതിനുമുമ്പ് സിപിഐ(എം)നെ ബിജെപി കൈകാര്യം ചെയ്തതെന്ന ചരിത്രം സിപിഐ(എം) നേതാക്കള്‍ക്ക് നന്നായിട്ടറിയാമെന്നാണ്. ഹരിദാസന്‍റെ കൊലപാതകം നടന്ന പുന്നോലിന്‍റെ സമീപപ്രദേശങ്ങളില്‍ അഞ്ച് സിപിഐ(എം) പ്രവര്‍ത്തകരെ ഇതിന് മുമ്പ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതാണ് ആ ചരിത്രം. കെ.വി. ബാലന്‍, ടി പവിത്രന്‍, ദാസന്‍, ജിതേഷ്, ലതേഷ് എന്നിവരെയാണ് ഇക്കൂട്ടര്‍ കൊലപ്പെടുത്തിയത്. ഇപ്പോള്‍ ഹരിദാസനും. കൊല്ലപ്പെട്ടവരില്‍ 3 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ആര്‍എസ്എസ്സ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ സവര്‍ണ്ണര്‍ മാത്രമാണുള്ളത്. ദളിതരോ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള പാവങ്ങളോ ഇല്ല. അതുകൊണ്ടാണ് മത്സ്യത്തൊഴിലാളികളോട് പ്രത്യേക വിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

add

2021 ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെ പുന്നോലിനടുത്തുള്ള നങ്ങാറത്ത് പീടികയിലെ ടാഗോര്‍ വിദ്യാലയത്തില്‍ 80 പേര്‍ പങ്കെടുത്ത ഒ.ടി.സി. പരിശീലന ക്യാമ്പ് ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഈ ക്യാമ്പില്‍നിന്നും ആയുധ പരിശീലനം നേടിയവരാണ് കൊലയാളികള്‍. 2016 ഡിസംബറില്‍ ക്രിസ്മസ് അവധിക്കാലത്ത് സമാനരീതിയില്‍ ആയുധപരിശീലനം ആര്‍എസ്എസ് നടത്തിയിരുന്നു. ആ ക്യാമ്പിന് ശേഷമാണ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ്സുകാര്‍ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ പെരിങ്ങോത്തെ ആലക്കാട്ട് സ്ഫോടനം നടക്കുകയും ഒരു ക്രിമിനലിന്‍റെ കൈപ്പത്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആ സംഭവ ദിവസവും രാത്രി നങ്ങാറത്ത് പീടിക ടാഗോര്‍ വിദ്യാലയത്തില്‍ ആര്‍എസ്എസ്സുകാരുടെ ക്യാമ്പ് ഉണ്ടായിരുന്നു. ആലക്കാട്ട് സംഭവം സിപിഐ(എം)ന്‍റെ പേരില്‍ ആരോപിച്ച് ഒരു തിരിച്ചടി നടത്താനായിരുന്നു ശ്രമം നടന്നത്. അന്നത് പാളിപ്പോയി. കൈപ്പത്തി നഷ്ടപ്പെട്ട ക്രിമിനലിനെ നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ ചികിത്സിച്ചതിലും ദുരൂഹതയുണ്ട്.

.

കേരളത്തില്‍ ജനപിന്തുണ നഷ്ടപ്പെട്ട ബിജെപി ഉത്തരേന്ത്യന്‍ മാതൃകയില്‍ കലാപമുണ്ടാക്കി നേട്ടംകൊയ്യാനുള്ള പരിശ്രമത്തിലാണ്. അതിനാണ് ആയുധപരിശീലനവും ക്യാമ്പും തുടര്‍ന്ന് കൊലപാതകങ്ങളും സംഘടിപ്പിക്കുന്നത്. സംഘപരിവാറിന്‍റെ പ്രകോപനങ്ങളില്‍ സിപിഐ(എം) പ്രവത്തകര്‍ കുടുങ്ങിപ്പോകരുത്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിനെ തകര്‍ക്കുക എന്നതാണ് സംഘപരിവാര്‍ ലക്ഷ്യം.അത് തിരിച്ചറിഞ്ഞുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. നിലവിലുള്ള സമാധാനത്തെ തകര്‍ക്കാന്‍ പരിശ്രമിക്കുന്നവരെ തിരിച്ചറിയാനും കൊലപാതക രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനും ജനങ്ങളാകെ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!