കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകന് ഭരതനായിരുന്നു ഭര്‍ത്താവ്. നടന് സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു. മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല് വീട്ടില്‍ കെ. അനന്തന് നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നത്. അങ്ങനെയാണ് ലളിത എന്ന പേര് സ്വീകരിച്ചത്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേര്‍ത്തു.