സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയർ ഹൗസുകളിലും ഡിസ്റ്ററികളിലും എക്സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാർ ഉത്തരവ്. നിലവിൽ ഒരു സിഐ, ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർ എന്നിവരാണ് ബെവ്കോ വെയർ ഹൗസുകളിലുള്ളത്. എല്ലാ ബെവ്കോ ഗോഡൗണുകളിലും മദ്യത്തിന്റെ സാമ്പിൾ പരിശോധന, ഔട്ട് ലൈറ്റുകളിലേക്കും ബാറുകളിലേക്കും മദ്യത്തിന്റെ അളവ് പരിശോധിക്കൽ എന്നിവയെല്ലാം എക്സൈസ് ഉദ്യോഗസ്ഥർ നടത്തണമെന്നാണ് ചട്ടം.ഡിസ്ലറികളിലും സമാനമായി എക്സൈസിന്റെ നിയന്ത്രണമുണ്ട്. എന്നാൽ സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന 17 ബെവ്കോ ഗോഡൗണുകളിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നും ഉത്തരവിൽ പറയുന്നു. ബെവ്കോ എംഡിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്.