കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കാറില്‍ മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി.കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്.കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ കോട്ടിക്ക് സ്‌പെഷ്യല്‍ സക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. കെഎല്‍ 10 എകെ 2483 നമ്ബര്‍ ടയാട്ട എറ്റിയോസ് കാറില്‍ കടത്തികൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ഇടപാടുകാരെ ബന്ധപ്പെടുന്നതിനും അവരുടെ പേര്‍വിവരങ്ങളും ശബ്ദ സന്ദേശങ്ങളുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ , എ.ടി.എം കാര്‍ഡ്, ആയിരം രൂപ എന്നിവയും കണ്ടെടുത്തു.മയക്കുമരുന്ന് വില്‍പനയ്ക്കായാണ് സുഹൈല്‍ കണ്ണൂരിലെത്തിയതെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. ബംഗ്‌ളൂരില്‍ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരം നേരത്തെ എക്‌സൈസ് ഇന്റലിജന്‍സ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസര്‍ സി.വി ദിലീപിന് ലഭിച്ചിരുന്നു. ഈ രഹസ്യ വിവരം കണ്ണൂര്‍ റെയ്ഞ്ച് എക്‌സെസിന് കൈമാറുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി വിജയന്‍ , കെ.സി ഷിബു , സി. പുരുഷോത്തമന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പങ്കജാക്ഷന്‍, ഇ സുജിത്ത് പ്രവീണ്‍, ഒ.വി ഷിബു എന്നിവരും പങ്കെടുത്തു.