ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു. 2015ൽ ഐക്യരാഷ്ട്രസഭയിലെ 192 അംഗരാജ്യങ്ങൾ 2030ലെ അജണ്ടയായി അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലാണ് കഴിഞ്ഞ വർഷത്തെ 117 ൽ നിന്ന് ഇന്ത്യ പിന്നോട്ടിറങ്ങിയത്.അയൽരാജ്യങ്ങളായ ഭൂട്ടാൻ 75-ാം സ്ഥാനത്തും ശ്രീലങ്ക 87-ാം സ്ഥാനത്തും നേപ്പാൾ 96-ാം സ്ഥാനത്തും ബംഗ്ലാദേശ് 109-ാം സ്ഥാനത്തുമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കിയ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ സ്റ്റേറ്റ് ഓഫ് ഇന്ത്യയുടെ പരിസ്ഥിതി റിപ്പോർട്ട് പറയുന്നു.ഇന്ത്യയുടെ പോയിന്റ് 100 ൽ 66 ആണ്. വിശപ്പ്, ആരോഗ്യം, ക്ഷേമം, ലിംഗസമത്വം, തുടങ്ങി 11 സ്ഥിരസൂചികകളിൽ ഇന്ത്യയുടെ റാങ്ക് കുറഞ്ഞു. സംസ്ഥാനാടിസ്ഥാനത്തിലുള്ള പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തും തമിഴ്‍നാടും ഹിമാചൽ പ്രദേശും രണ്ടാം സ്ഥാനത്തുമാണ്.ഗോവ, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. ഝാർഖണ്ഡും ബിഹാറുമാണ് ഏറ്റവും പിന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢ് ഒന്നാം സ്ഥാനത്തും ദില്ലി, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവ രണ്ടാം സ്ഥാനത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മൂന്നാം സ്ഥാനത്തുമെത്തിയതായി റിപ്പോർട്ട് പറയുന്നു.ദാരിദ്ര്യമില്ലായ്മ, പട്ടിണി ഇല്ലാത്ത അവസ്ഥ, നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലവും ശുചിത്വവും, താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജം, മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും, വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പ്രധാനം.