റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത നീക്കം. ഇതിനായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയാറാക്കാന്‍ ഇരു വകുപ്പുകളും തയാറെടുക്കുന്നു.ജനുവരിയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനങ്ങള്‍. പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടല് ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇരുവകുപ്പുകളും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവ് നല്കിയാല് മതിയെന്നും പറയുന്നു.
