മലപ്പുറം: മുസ്ലിം ലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ നയിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളെ തീരുമാനിച്ചു. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗം ആണ് തീരുമാനമെടുത്തത്. പ്രതീക്ഷിച്ചിരുന്ന പോലെ തന്നെയാണ് തീരുമാനം. സാദിഖലി ഷിഹാബ് തങ്ങളെ പ്രസിഡണ്ടായി തീരുമാനിച്ച പ്രഖ്യാപനം ഖാദർ മൊയ്തീൻ ആണ് നടത്തിയത്.ഏകകണ്ഠമായിട്ടായിരുന്നു തീരുമാനമെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് സാദിഖലി ഷിഹാബ് തങ്ങളെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അസുഖ ബാധിതനായി പ്രവർത്തനപഥത്തിൽ നിന്ന് മാറി നിന്ന സമയം മുതൽ സാദിഖലി ഷിഹാബ് തങ്ങളാണ് ആ സ്ഥാനം താൽകാലികമായി വഹിച്ചിരുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങൾ പ്രവർത്തിക്കും.മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണ് സാദിഖ് അലി തങ്ങൾ .