പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം ഡിവൈഡർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പുതിയ ആറുവരിപ്പാത ചുങ്കത്തുനിന്നും തിരിഞ്ഞ് പോകുന്നിടത്തു ഡിവൈഡർ ആരംഭിച്ചാൽ മാത്രമേ വാഹനക്കുരുക്കും റോഡപകടങ്ങളും നിയന്ത്രിക്കാൻ സാധ്യമാവുകയുള്ളൂവെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ചെറിയ ദൂരത്തിൽമാത്രം ഡിവൈഡറുകൾ സ്ഥാപിക്കുന്നതിൽ പരാതിയുണ്ട്. റോഡ് സുരക്ഷ പദ്ധതിയിൽ അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ചാണ് വളപട്ടണം പാലത്തിന് ഇരുഭാഗത്തുമായി 300 മീ. ദൈർഘ്യത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നത്. പാലത്തിന്റെ തെക്കുഭാഗം വളപട്ടണം ഭാഗത്ത് 200 മീ.നീളത്തിലും വടക്ക് ഭാഗമായ പാപ്പിനിശ്ശേരിയിൽ 100 മീ. നീളത്തിലുമാണ് ഡിവൈഡറുകൾ വരുന്നത്. പാലത്തിന്റെ ഇരുഭാഗത്തും വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കാറ്റിൽപറത്തി തലങ്ങും വിലങ്ങും പോകുന്ന അവസ്ഥയാണ്. ഡിവൈഡർ സ്ഥാപിച്ചാൽ ഇത്തരം നിയമ ലംഘനങ്ങൾ ഒരുപരിധിവരെ തടയാനാകുമെന്നാണ് പ്രതീക്ഷ. ഡിവൈഡർ സ്ഥാപിക്കുന്നതോടൊപ്പം വളപട്ടണം പാലത്തിന്റെ തെക്കുഭാഗത്തെ കരിങ്കല്ല് ഭിത്തിയോടുചേർന്ന് റോഡിന്റെ ഇരുഭാഗത്തുമായി ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്ത് നിലവിലുള്ള റോഡ് വികസിപ്പിക്കും. ഇതാടൊപ്പം പാലത്തിനും പഴയ ടോൾ ഗേറ്റിനും ഇടയിലെ അനധികൃത പാർക്കിങ് ഒഴിവാക്കാനും നടപടി സ്വീകരിക്കും.റോഡ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയെങ്കിലും നിലവിലുള്ള പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പ്രശാന്ത് പറഞ്ഞു. ഡിവൈഡറുകൾ സ്ഥാപിക്കുന്നതോടെ, പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.