കണ്ണൂര്‍: സര്‍ക്കാര്‍ പരിപാടികളില്‍ കണ്ണൂർ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഭരണപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. സര്‍ക്കാറിന്റെ ഡിജിറ്റല്‍ സർവേയുമായി ബന്ധപ്പെട്ട് മാർച്ച് 11ന് ഓണ്‍ലൈനായി നടക്കുന്ന ശില്പശാലയിലെ ബ്രോഷറില്‍ പ്രോട്ടോകോള്‍ ലംഘിച്ച് മേയറുടെ പേര് നല്‍കിയിരിക്കുന്നത് ഏറ്റവും അവസാനമാണെന്ന് ഇവർ ആരോപിച്ചു. സാധാരണ എം.എൽ.എക്ക് മുകളിലാണ് മേയറുടെ പേര് വെക്കേണ്ടത്. എന്നാല്‍, കണ്ണൂരിലെ എല്ലാ എം.എൽ.എമാരുടെയും പേര് നല്‍കിയതിന് ശേഷമാണ് മേയറുടെ പേര് നല്‍കിയത്. ഇത് ആദ്യത്തെ സംഭവമല്ലെന്ന് മേയര്‍ ഉള്‍പ്പെടെ മറ്റ് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ രാഷ്ട്രീയ വേര്തിരിവാണെന്നാണ് ആരോപണം. അതേസമയം, ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിപാടിയുമായി ബന്ധപ്പെട്ട സംഘാടകരോട് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ കെ. സുകന്യ അഭിപ്രായപ്പെട്ടു.