തലശ്ശേരി: വിദൂരവിദ്യാഭ്യാസ പരിപാടിയിൽ കണ്ണൂർ സർവകലാശാല അനുവദിച്ച ബി.എ ഇംഗ്ലീഷ് ബിരുദം കാലിക്കറ്റ് സർവകലാശാല അംഗീകരിക്കാത്തത് ഏതാനും ബിരുദാനന്തര ബിരുദ വിദ്യാർഥിനികളെ പെരുവഴിയിലാക്കുന്നു. സർവകലാശാല നിർദേശിച്ച പിഴത്തുക ഉൾപ്പെടെ അടച്ച് രജിസ്റ്റർ ചെയ്തുവെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്നാണ് തലശ്ശേരി ക്രൈസ്റ്റ് കോളജിൽ പഠിച്ച നാല് പി.ജി വിദ്യാർഥിനികളുടെ ആക്ഷേപം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ സർവകലാശാല അധികൃതർ അയഞ്ഞെങ്കിലും വ്യക്തമായ വിവരം നൽകാത്തതിനാൽ രജിസ്ട്രേഷൻ സാധുവാണെന്നുപോലും ഇതുവരെ അറിഞ്ഞില്ലെന്ന് വിദ്യാർഥിനികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദൂരവിദ്യാഭ്യാസ രീതിയിൽ പഠിച്ച മറ്റ് വിദ്യാർഥികൾക്ക് പരീക്ഷയുടെ അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. തിരിച്ചറിയൽ കാർഡ് ഇതുവരെ ലഭിക്കാത്തതിനാൽ പരീക്ഷ ഫീസടക്കാനും വഴിയില്ലെന്ന് ഇവർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ നിഷേധാത്മക നയം കാരണം വിദ്യാർഥിജീവിതത്തിലെ വിലപ്പെട്ട വർഷങ്ങളും ഫീസടച്ച പണവും നഷ്ടപ്പെട്ടതായി അണ്ടലൂരിലെ എ.കെ. റിദ്യാ ബാബു, പെരുന്താറ്റിലെ കെ. നിവേദ്യ, കടമ്പൂരിലെ വി. ഷോണി മോഹൻ, ചോനാടത്തെ കെ.എം. ശിൽപ എന്നിവർ പറഞ്ഞു.