രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.പേരറിവാളന്റെ ജയില്‍ മോചനത്തിനായുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നത് രണ്ട് വര്‍ഷത്തോളം വൈകിപ്പിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ കോടതി വിമര്‍ശനമുയര്‍ത്തി. തങ്ങളുടെ അധികാര പരിധിക്ക് കീഴിലുള്ള കാര്യമല്ലാത്തതിനാല്‍ ഗവര്‍ണറുടെ നടപടിയില്‍ ഇടപെടുന്നില്ല. എന്നിരിക്കിലും ഗവര്‍ണറുടെ നിലപാടില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.പേരറിവാളന്‍ നിലവില്‍ പരോളിലാണെങ്കിലും വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാന്‍ കഴിയില്ലെന്ന വ്യവസ്ഥകളെ പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. 2018 സെപ്തംബര്‍ 9 ന് പേരറിവാളനെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മന്ത്രിസഭാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം ഗവര്‍ണര്‍ ഇത് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു.രാജീവ് ഗാന്ധിയെ വധിക്കാനുള്ള ബോംബ് നിര്‍മാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളന്‍ അടക്കം കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.