സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു.മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. ബജറ്റിൽ ഒരു പൈസയുടേയും ആനുകൂല്യം പ്രഖ്യാപിച്ചില്ലെന്നും ബസുടമകള്‍ ആരോപിക്കുന്നു. ഹരിതനികുതി വർധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണ്. സമരം ജനങ്ങളോടോ സർക്കാരിനോടോ ഉള്ള വെല്ലുവിളിയല്ലെന്നും നിലനില്‍പ്പിന് വേണ്ടിയാണെന്നും ബസുടമകള്‍ വ്യക്തമാക്കി.