//
10 മിനിറ്റ് വായിച്ചു

ഐഎസ്എൽ ഫൈനൽ :ബിഗ് സ്ക്രീനിൽ കാണാൻ പയ്യാമ്പലത്ത് “ഒഴുകിയെത്തിയത്” പതിനായിരത്തിലേറെ ആരാധകർ

കണ്ണൂർ∙ ഇന്നലെ രാത്രി പയ്യാമ്പലത്ത് കടൽ ശാന്തമായിരുന്നു. ആവേശത്തിരകളിൽ ഇളകിമറിഞ്ഞതു കരയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ഏറ്റുമുട്ടിയ ഐഎസ്എൽ ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ പയ്യാമ്പലത്ത് ഇന്നലെ രാത്രി ഒഴുകിയെത്തിയതു പതിനായിരത്തിലേറെ ആരാധകരാണ്. കൗമാരക്കാരും യുവാക്കളും മുതിർന്നവരും സ്ത്രീകളുമൊക്കെ ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയവരിലുണ്ടായിരുന്നു. ഒരു സെക്കൻഡ് പോലും നിലത്തിരിക്കാതെ, മുഴുവൻ സമയവും നിന്നു തന്നെ ആയിരങ്ങൾ കളി കണ്ടു.ബ്ലാസ്റ്റേസിന്റെ ഓരോ നീക്കത്തിനും അവർ കൈയടിച്ചും ആരവമുയർത്തിയും ഒപ്പം നിന്നു. ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയപ്പോൾ പയ്യാമ്പലം തീരത്തു നിന്നുയർന്ന ആരവം ഏതു സ്റ്റേഡിയത്തെയും വെല്ലുന്ന തരത്തിലായിരുന്നു. ഹൈദരാബാദ് ഗോൾ തിരിച്ചടിച്ചപ്പോൾ, ആരാധകർ നിശ്ശബ്ദരായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ടിട്ടും അവസാനനിമിഷം വരെ ആവേശത്തിനു കുറവുണ്ടായില്ല. ബ്ലാസ്റ്റേഴ്സിന്റെ എവേ ജഴ്സി എല്ലാവർക്കും സംഘടിപ്പിക്കാൻ പറ്റിയില്ലെങ്കിലും പലരും കറുപ്പ്, നീല കുപ്പായങ്ങൾ ധരിച്ചാണെത്തിയത്.മഞ്ഞക്കുപ്പായക്കാരുമുണ്ടായിരുന്നു കൂട്ടത്തിൽ. കുടുക്ക് എന്ന യു ട്യൂബ് ചാനലിന്റെ നേതൃത്വത്തിലായിരുന്നു ബിഗ് സ്ക്രീൻ പ്രദർശനം. 20 അടി വീതിയും 10 അടി നീളവും ഡിജിറ്റൽ ഡിസ്പ്ലെ ബോർഡിലായിരുന്നു പ്രദർശനം. പയ്യാമ്പലത്തു മാത്രമല്ല, ജില്ലയിൽ പയ്യന്നൂര്‍, പടിയൂര്‍, പെരുമ്പടവ്, കോളിക്കടവ്, ഉളിക്കൽ തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ബിഗ് സ്ക്രീൻ പ്രദർശനം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ താരം സഹൽ അബ്ദുൽ സമദിന്റെ നാടായ കവ്വായിയിൽ ബിഗ് സ്ക്രീൻ‌ ഒരുക്കി കളി കാണാൻ സൗകര്യമൊരുക്കിയിരുന്നു. വിവിധ ക്ലബുകളും ഫുട്ബോൾ കൂട്ടായ്മകളും സംഘടനകളും ചേർന്ന് സ്ക്രീനുകൾ ഒരുക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!