കണ്ണൂര്‍: കണ്ണൂര്‍ മയക്കുമരുന്ന് കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലായെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്‍സാരി (33), ഇയാളുടെ ഭാര്യ ഷബ്‌നയെന്ന ആതിര(26), പഴയങ്ങാടി സി.എച്ച് ഹൗസില്‍ മൂരിക്കാട് വീട്ടില്‍ ശിഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്.എം.ഡി.എം.എയുമായി ദമ്ബതികള്‍ പിടിയിലായ എം.ഡി.എം.എ കടത്ത് കേസിലാണ് ഇപ്പോള്‍ മറ്റൊരു ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റിലായത്. ഒരു കോടിയോളം രൂപയുടെ എം.ഡി.എം.എ.യും ബ്രൗണ്‍ഷുഗറുമായാണ് നേരത്തേ ദമ്ബതികളായ ബള്‍ക്കീസ് – അഫ്സല്‍ എന്നിവര്‍ പിടിയിലായത്. സംഭവത്തില്‍ മുഖ്യ പ്രതിയായ നിസാം അബ്ദുള്‍ ഗഫൂര്‍ പിന്നീട് അറസ്റ്റിലായിരുന്നു. ഇതിനിടെ പ്രതികളെ പിടികൂടിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ അന്‍സാരിയും ഭാര്യ ഷബ്‌നയും പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. നിങ്ങള്‍ ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നുവെന്ന് നിലവിളിച്ചാണ് കരഞ്ഞത്. ഇതിനിടെ അന്‍സാരിയോടൊപ്പം വന്ന സുഹൃത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രകോപിതനായി സ്റ്റേഷനു മുന്‍പിലെ വാഹനം തകര്‍ത്തത് അല്‍പ്പനേരം സംഘര്‍ഷം സൃഷ്ടിച്ചു.നേരത്തെ ഈ കേസില്‍ പിടിയിലായ ബള്‍ക്കിസ്-ഭര്‍ത്താവ് അഫ്‌സല്‍ ദമ്ബതികളുമായി ഇപ്പോള്‍ പിടിയിലായ അന്‍സാരി – ഷബ്‌ന ദമ്ബതികള്‍ക്ക് ബന്ധമുണ്ട്.
മാര്‍ച്ച് ഏഴിനാണ് കണ്ണൂരിലെ പാര്‍സല്‍ ഓഫീസില്‍ ടെക്സ്റ്റയില്‍സിന്‍റെ പേരില്‍ ബംഗ്ലുരുവില്‍ നിന്ന് രണ്ടു കിലോ വരുന്ന എം ഡി എം എ, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കള്‍ കൈപ്പറ്റാന്‍ എത്തിയ ബള്‍ക്കീസും അഫ്സലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിസാമിന്റെ പങ്കാളിത്തം വ്യക്തമായത്. ബള്‍ക്കീസ് നല്‍കിയ മൊഴിയെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരിന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്.നിസാമില്‍ നിന്നും മയക്കുമരുന്ന്’ ചില്ലറയായി വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു അന്‍സാരിയും ഷബ്നയും. മരക്കാര്‍ കണ്ടി സ്വദേശിയായ അന്‍സാരിയും ഭാര്യ ഷബ്‌നയും നിസാമില്‍ നിന്നും 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തില്‍ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും പൊലിസ് പറഞ്ഞു.
നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.മരക്കാര്‍ കണ്ടി സ്വദേശിയായ അന്‍സാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത്. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ രാസ ലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങുകയായിരുന്നു. നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.ബള്‍ക്കീസ് അറസ്റ്റിലായതിനു ശേഷവും ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും ചാലാട് ജനീസിന്റ ഇന്റീരിയര്‍ ഷോപ്പില്‍ നിന്നും വാതില്‍പ്പടിയില്‍ ഒളിപ്പിച്ച എം.ഡി.എം.എ, കൊക്കെയ്ന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ പിടികൂടിയ കേസിലാണ് ദമ്ബതികള്‍ അറസ്റ്റിലായത്.