കാസർകോട്: ആചാര സംരക്ഷണത്തിന്റെ പേരിൽ അച്ഛന്റെ മരണാനന്തര കർമ്മങ്ങളിൽ നിന്നും യുവാവിനെ തടഞ്ഞതായി പരാതി.കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷാണ് നിലനിന്നു പോരുന്ന ദുരാചാരത്തിന്റെ ഇരയായത്. സ്വന്തം ഇല്ലത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തുവെന്ന കാരണം ഉന്നയിച്ചാണ് ക്ഷേത്രാധികാരികളുടെ വിലക്ക്. സംഭവത്തിൽ പ്രിയേഷ് കാഞ്ഞങ്ങാട് പൊലീസിൽ പരാതി നൽകി.ആചാനൂർ കുറുമ്പ ക്ഷേത്ര സ്ഥാനികനായിരുന്ന ബാലൻ കൂട്ടിയിക്കാരനാണ് പ്രിയേഷിന്റെ പിതാവ്.ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ നിന്നാണ് മകൻ പ്രിയേഷിനെ സമുദായ അധികാരികൾ മാറ്റിനിർത്തിയത്.ഒടുവിൽ തറവാട്ട് വളപ്പിൽ നടന്ന സംസ്കാരത്തിൽ മകൻ പ്രിയേഷിന് പകരം ബാലന്റെ സഹോദര പുത്രനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.സമുദായത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിയേഷിനെ ചടങ്ങുകളിൽനിന്ന് മാറ്റിനിർത്തിയതെന്നും വർഷങ്ങളായുള്ള ആചാരത്തിന്റെ ഭാഗമാണിതെന്നും അചാനൂർ കുറുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികൻ കണ്ണൻ കാരണോരച്ഛൻ പറഞ്ഞു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സമുദായ അധികാരികളിൽ നിന്നും മകന് നേരിടേണ്ടി വന്നത് കൊടും ക്രൂരതയാണെന്ന് പ്രിയേഷിന്റെ അമ്മ പറഞ്ഞു. രണ്ട് ആഴ്ചകൾക്ക് മുമ്പാണ് ഇതിന് സമാനമായ സംഭവം കണ്ണൂരിൽ അരങ്ങേറിയത്.ഇതരമതത്തിൽപ്പെട്ട യുവതിയെ മകൻ വിവാഹം ചെയ്തുവെന്ന കാരണം പറഞ്ഞ് പൂരക്കളി പണിക്കരായ പിതാവിന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. ഇതര മതത്തിൽപെട്ട യുവതി വീട്ടിൽ ഇരിക്കുമ്പോൾ പണിക്കരെ ക്ഷേത്രത്തിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്നായിരുന്നു ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് വിലക്കേർപ്പെടുത്തിയത്. യുവതിയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ മാത്രമേ പൂരക്കളിക്ക് അവസരം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം.