അപേക്ഷാ ഫോറങ്ങളിൽ ഇനി മുതൽ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ലെന്ന് സർക്കാർ. ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. മുൻപ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ഈ ശൈലിക്കാണ് ഇതോടെ മാറ്റം സംഭവിക്കുക.‘സർ’ വിളി വേണ്ടന്നുവച്ചതിന് പിന്നാലെയാണ് പുതിയ മാറ്റവും. സർക്കാർ ഓഫിസുകളിലെ ജീവനക്കാരെ ‘സർ’, ‘മാഡം’ എന്നിങ്ങനെയാണ് സാധാരണ നിലയിൽ അഭിസംബോധന ചെയ്യാറ്. എന്നാൽ പാലക്കാട് മാത്തൂർ പഞ്ചായത്തിൽ ഈ ശൈലിക്ക് മാറ്റം കൊണ്ടുവന്നു. ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തെ രീതിയാണ് സർ അല്ലെങ്കിൽ മാഡം എന്നു വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി മുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിൽ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നുവിളിക്കരുത്. പഞ്ചായത്തിലേക്ക് അയയ്ക്കുന്ന അപേക്ഷകളിലും കത്തുകളിലും ഈ പദപ്രയോഗം ഒഴിവാക്കിയിട്ടുണ്ട്.സർ, മാഡം എന്ന വിളിയ്ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങൾ അഭിസംബോധനയായി ഉപയോഗിക്കാമെന്ന് ഭരണസമിതി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.പ്രസാദാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. പ്രമേയമാക്കാൻ തീരുമാനിച്ചതോടെ അംഗങ്ങളും പിന്തുണ നൽകി.ജനങ്ങൾ നൽകുന്ന അപേക്ഷകളിൽ അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നി പ്രയോഗങ്ങളും ഇനി ഉപയോഗിക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്. പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്നീ രീതികൾ പ്രയോഗിക്കാം. പഞ്ചായത്ത് ഓഫിസുകളിലെ സേവനം അവകാശമാണെന്നതിനാലാണ് പഴയ രീതിയിൽ മാറ്റം വരുത്തുന്നത്.