തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾ അടുത്ത മാസം ഒന്നു മുതൽ പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ സ്വീകരിക്കില്ല.കാർഡ് ബോർഡ് പെട്ടികളിലാക്കിയോ പേപ്പർ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞോ കൊണ്ടുവരുന്ന പാഴ്സലുകൾ മാത്രമേ സ്വീകരിക്കൂ. തപാൽ വകുപ്പ് പുറത്തിറക്കിയ പുതിയ പാഴ്സൽ പാക്കേജിങ് മാനദണ്ഡങ്ങളിലാണ് നിർദേശങ്ങൾ.ബാർ കോഡ് അടങ്ങിയ സ്റ്റിക്കർ തുണിയിൽ പതിപ്പിച്ചാൽ ഇളകിപ്പോകുന്നത് പാഴ്സലുകളുടെ സുരക്ഷയെ ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പൊതിയുന്നതിനുള്ള കവറുകളും ബോക്സുകളും പാഴ്സൽ ബുക്കിങ് കൗണ്ടറുകളിൽ ലഭ്യമാക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫിസ് അറിയിച്ചു.പാഴ്സൽ സർവീസ് അധികമായി നടക്കുന്ന പോസ്റ്റ് ഓഫിസുകളിൽ പാഴ്സൽ പാക്കേജിങ് യൂണിറ്റുകൾ (പിപിയു) തുടങ്ങും. ഇത്തരം യൂണിറ്റുകളിൽ 10 രൂപയിൽ കൂടാത്ത നിരക്കിൽ പൊതിഞ്ഞു നൽകുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.