സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധയാത്രയില്‍ നാടകീയ രംഗങ്ങള്‍. സില്‍വര്‍ ലൈന്‍ ഇരകളെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാന്‍ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നില്‍ ആയിരുന്നു വയോധികര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അപ്രതീക്ഷിത പ്രതികരണം. തിരുവനന്തപുരം കഴക്കൂട്ടത്തായിരുന്നു ബിജെപി നേതാക്കള്‍ അപ്രതീക്ഷിത പ്രതിരോധം നേരിട്ടത്. കെ റെയില്‍ വിഷയത്തില്‍ വിശദീകരണവുമായി നേരിട്ട് എത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനോടും സംഘത്തോടും കുടുംബാംഗങ്ങള്‍ തങ്ങള്‍ പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു. സര്‍ക്കാരിന് അനുകൂലമായി ഒരു കുടുംബം രംഗത്തെത്തുകയും നാടിന്റെ വികസനത്തിന് വേണ്ടി വീടും സ്ഥലവും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. പിണറായി സിന്ദാബാദ് എന്ന മുദ്രാവാക്യവും കുടുംബാംഗങ്ങള്‍ മുഴക്കി.സ്ഥലം വിട്ട് കൊടുക്കുന്നതില്‍ പ്രശ്‌നമില്ല, വികസനം വരണം എന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.എന്നാല്‍, പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം എന്താണ് എന്ന് അറിയാനാണ് തന്റെ സന്ദര്‍ശനം എന്നായിരുന്നു മന്ത്രി കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ മറുപടി. പിന്തുണയ്ക്കുന്നവരുടെയും, എതിര്‍ക്കുന്നവരുടെയും പ്രതികരണങ്ങള്‍ അറിയാനാണ് താന്‍ എത്തിയത് എന്നും മന്ത്രി പ്രതികരിച്ചു. കഴക്കൂട്ടത്ത് മേനകുളം മുതല്‍ മുരുക്കും പുഴ വരെ ആയിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. അതേസമയം, മന്ത്രിയോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച കുടുംബം സിപിഐഎം പ്രവര്‍ത്തകരാണ് എന്നാണ് സംഭവത്തിന് പിന്നാലെ മന്ത്രിയും ബിജെപി പ്രവര്‍ത്തകരും നല്‍കുന്ന പ്രതികരണം. പ്രദേശത്തെ സിപിഐഎം കൗണ്‍സിലറുടേതാണ് ഈ വീട്. ഇതാണ് പ്രതികരണത്തിന് അടിസ്ഥാനം എന്നും സംഘം വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷവും മന്ത്രിയും സംഘവും യാത്ര തുടര്‍ന്നു.