കണ്ണൂർ: ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ മധ്യവയസ്‌കന്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാത്തിരിക്കുന്നു. വിവരങ്ങള്‍ അറിയിച്ചിട്ടും ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തത് ആശുപത്രി അധികൃതര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഹരിഹരസുതനാണ് (52) വലതുകാല്‍ നഷ്ടമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മാര്‍ച്ച് 31ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഹരിഹരസുതന് മാരക പരുക്കേറ്റത്.മംഗളുരു ഭാഗത്തേക്കുള്ള മംഗള എക്‌സ്പ്രസില്‍ കയറുന്നതിനിടെ ഹരിഹര സുതന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്കുവീണു. വലതുകാല്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ പെട്ട് അറ്റ് പോയി. ഉടന്‍ തന്നെ ഹരിഹരസുതനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ആശുപത്രിയിലെത്തിച്ച ഫയര്‍ഫോഴ്‌സ്, ഡിഫന്‍സ് വളന്റിയര്‍മാര്‍ അറ്റു പോയ കാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാവുന്ന അവസ്ഥയിലായിരുന്നില്ല.ഹരിഹരസുതനില്‍ നിന്ന് ഉറ്റവരുടെ നമ്പര്‍ സംഘടിപ്പിച്ച ആശുപത്രി അധികൃതര്‍ വിവരം വേണ്ടപ്പെട്ടവരെ അറിയിച്ചു. വലതുകാല്‍ നഷ്ടപ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് പറഞ്ഞിട്ടും ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയില്ല. രോഗിക്ക് ഭക്ഷണവും മരുന്നും വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൂട്ടിരിക്കാന്‍ ആളില്ലാത്തത് ആശുപത്രി അധികൃതരേയും ജീവനക്കാരേയും വലയ്ക്കുന്നു. സഹായത്തിനും കൂട്ടിനുമായി ഉറ്റവര്‍ ആരുമില്ലാത്തത് ഹരിഹരസുതനും വിഷമം ഉണ്ടാക്കുന്നുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുള്ളതെന്നും ബന്ധുക്കളാരും വരാത്തത് അതുകൊണ്ടാണെന്നും ഹരിഹരസുതന്‍ പറയുന്നു.