ഹോട്ടലില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഇക്കാര്യം എംഎല്‍എയെ അറിയിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.നടപടിയെടുക്കാന്‍ നിയമമില്ലെന്നതാണ് കാരണം. എംഎല്‍എയുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.അതേസമയം പരാതിയില്‍ വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുട്ടറോസ്റ്റിന് വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്തുണ്ടാക്കിയതാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. ഭക്ഷണത്തിന്റെ വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും ഹോട്ടല്‍ വ്യക്തമാക്കി.കോഴിമുട്ട റോസ്റ്റിനാണ് എം.എല്‍.എ.യില്‍ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും. ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതു തടയണമെന്നുകാട്ടി ജില്ലാ കലക്ടര്‍ക്ക് ബില്ല് സഹിതമാണ് എംഎല്‍എ പരാതി നല്‍കിയത്.’ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ എംഎല്‍എ പറഞ്ഞിരുന്നു.