//
18 മിനിറ്റ് വായിച്ചു

“അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴി പോലും ലഭിക്കില്ല”; കെ വി തോമസിനെതിരെ രൂക്ഷ വിമർശനം

ഹൈക്കമാൻഡ് നിർദേശം തള്ളി സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെ കെ വി തോമസിനെതിരെ രൂക്ഷ വിമർശനം. സിപിഐഎം പാർട്ടി കോൺ​ഗ്രസിന്‍റെ ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ ആണെന്ന് ചെറിയാന്‍ ഫിലിപ്പ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

കെ വി തോമസ് കോണ്‍ഗ്രസിനോട് നന്ദികേട് കാണിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.തീരുമാനം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെവി തോമസിന് സ്ഥാനമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. സാങ്കേതികത്വം പറഞ്ഞ് കെവി തോമസിന് നില്‍ക്കാനാവില്ല, കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം ലംഘിച്ചതോടെ അദ്ദേഹം പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും നേടിയ വ്യക്തിയാണ് കെവി തോമസ്. എന്നിട്ടും ഇത്തരം ഒരു നിലപാട് എടുക്കുന്നത് നന്ദികേടാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

എന്നാല്‍, കെവി തോമസ് പറഞ്ഞത് നേരിട്ട് കേട്ട ശേഷം നിലപാട് വ്യക്തമാക്കും എന്നായിരുന്നു വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു കെവി തോമസ് സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. തന്നെ പുറത്താന്‍ കെപിസിസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെവി തോമസ്. താന്‍ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അകത്താണ്. പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ല, നൂലില്‍ കെട്ടിയിറങ്ങിയ വ്യക്തിയയല്ല താന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ടെന്നും അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന കെവി തോമസിന്റെ നിലപാടില്‍ കെപിസിസി തീരുമാനം എടുക്കുമെന്ന് വിഡി സതീശന്‍. കെവി തോമസിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയായിരുന്നു വിഡി സതീശന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഒപ്പമുണ്ടായിരുന്നു.

കെവി തോമസിന്റെ പ്രതികരണം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കെവി തോമസ് ഇതിന് മുന്‍പ് പലപ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനി ഇത് അനുവദിക്കാനാവില്ല. സി.പിഐഎമ്മും കോണ്‍ഗ്രസും മുഖാമുഖം പോരാട്ടം നടത്തുന്നയിടത്താണ് കെവി തോമസ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നത് എന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!