//
15 മിനിറ്റ് വായിച്ചു

‘സ്റ്റാലിനെ പുകഴ്ത്തിയിട്ടില്ല’; കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന് സീതാറാം യെച്ചൂരി

കണ്ണൂര്‍: കെവി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ ആണെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടി പുറത്താക്കിയാല്‍ സ്വീകരിക്കണോ എന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഇന്ത്യയെ സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവര്‍ സിപിഐഎമ്മിനൊപ്പം ചേരണം. സ്റ്റാലിനെ പുകഴ്ത്തി എന്ന വാര്‍ത്തകള്‍ തള്ളിയ യെച്ചൂരി സ്റ്റാലിനെ പുകഴ്ത്തിയിട്ടില്ലെന്നും പറഞ്ഞു. പ്രഭാത നടത്തത്തിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കുകയാണ് പ്രധാനപ്പെട്ട കാര്യം. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരും ഈ പ്രതിരോധത്തില്‍ പങ്കുചേരണമെന്നാണ് തങ്ങളുടെ ആഗ്രഹം. എല്ലാവരേയും ഞങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെ അംഗീകാരം നല്‍കിയ രാഷ്ട്രീയ പ്രമേയം ഏറ്റവും മികച്ചതാണ്. അതുകൊണ്ടാണ് അത് ഐക്യകണ്‌ഠേ പാസായത്.ബിജെപിക്ക് എതിരായ പ്രതിരോധത്തില്‍ എവിടെ നില്‍ക്കണം എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണ്. കെവി തോമസിനെ ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കേണ്ടതുണ്ടോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. പുറത്താക്കിയാല്‍ സ്വീകരിക്കണോ എന്നത് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ശശി തരൂരിനേയും മണിശങ്കര്‍ അയ്യരേയും കെവി തോമസിനേയും സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു.പങ്കെടുക്കാന്‍ കെവി തോമസ് മാത്രമാണ് തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍, ഭാവിയില്‍ കെവി തോമസിന് സിപിഐഎമ്മുമായുളള സഹകരണം എങ്ങനെയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രതികരണം. കെവി തോമസിന് രാഷ്ട്രീയ മാറ്റമുണ്ടാകില്ലെന്ന് പറയാന്‍ ആകില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.’കെ പിസിസിയുടെ തിരുമണ്ടന്‍ വിലക്കിന് അദ്ദേഹം ഒരു വിലയും കല്‍പ്പിച്ചില്ല. ഭാവിയില്‍ സിപിഐഎമ്മുമായുളള സഹകരണം എങ്ങനെയെന്നത് തോമസ് തീരുമാനിക്കേണ്ട കാര്യമാണ്. കെവി തോമസിന് രാഷ്ട്രീയ മാറ്റമുണ്ടാകില്ലെന്ന് പറയാന്‍ ആകില്ല. കോണ്‍ഗ്രസ് വിട്ടു പിരിയുകയാണെങ്കില്‍ കെ വി തോമസിനെ അനാഥാമാക്കില്ല. ഏറ്റവും മികച്ച മുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ ലീഡര്‍ കരുണാകരനെയും നിലവിലെ മികച്ച മുഖ്യമന്ത്രിയാണ് പിണറായി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്’, ജയരാജന്‍ പറഞ്ഞു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!