നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്.വളരെ രഹസ്യമായ നീക്കമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ക്രൈംബ്രാഞ്ചിന് ലഭിച്ച ശബ്ദരേഖകൾ ആരുടേതാണ് എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു മഞ്ജു വാര്യറുടേയും മൊഴി രേഖപ്പെടുത്തിയത്.
ദിലീപിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അതിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളുമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഈ തെളിവുകളിൽ പ്രധാനം അന്വേഷണ സംഘത്തിന് ലഭിച്ച ശബ്ദ സാമ്പിളുകളാണ്. ഈ ശബ്ദ രേഖയിലാണ് തെളിവ് നശിപ്പിച്ചതിനും, അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമുള്ള കാര്യം പറഞ്ഞിരിക്കുന്നത്. ഈ ശബ്ദ സാമ്പിളുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്.അതേസമയം, കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. പുറത്തുവന്ന ശബ്ദരേഖയിൽ പ്രധാനപ്പെട്ടതായിരുന്നു കാവ്യാ മാധവനെ കുറിച്ചുള്ള പരാമർശം. ‘ഇത് കാവ്യാ മാധവന് ചില കൂട്ടുകാരികൾ വച്ച പണിക്ക്, കാവ്യ തിരിച്ചു വച്ചതാണ്. ഈ പണിയാണ് ഇപ്പോൾ ദിലീപിന് കിട്ടിയത്’- കാവ്യാ മാധവന്റെ വ്യക്തിവൈരാഗ്യത്തെ സൂചിപ്പിക്കുന്ന ഈ ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാകും കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.