/
11 മിനിറ്റ് വായിച്ചു

‘നാപ്‌ടോള്‍ പരസ്യങ്ങള്‍ നിര്‍ത്തണം’; ടെലിവിഷന്‍ ചാനലുകളോട് കേന്ദ്രസര്‍ക്കാര്‍

നാപ്‌ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈനിന്റെയും സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിന്റെയും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ടിവി ചാനലുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഫെബ്രുവരിയില്‍ ഈ രണ്ട് പരസ്യങ്ങളും പിന്‍വലിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് വാര്‍ത്താ മന്ത്രാലയം ടിവി ചാനലുകളോട് പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ഉത്തരവ് പ്രകാരം, ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. ഇക്കാരണത്താലാണ് വിലക്ക്. സെന്‍സൊഡൈന്‍ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്നാണ് സിസിപിഎ നിര്‍ദ്ദേശം.നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനത്തിനെതിരെയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്യായമായ കച്ചവട രീതികള്‍ക്കെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും 10 ലക്ഷം രൂപ പിഴയാണ് നാപ്‌ടോളിന് സിസിപിഎ ചുമത്തിയിരിക്കുന്നത്. 2021 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി 25 വരെ നാപ്‌ടോളിനെതിരെ 399 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു. നിലവില്‍ നാപ്‌ടോളിനെതിരെ സിസിപിഎ സ്വമേധയയാണ് കേസെടുത്തത്. ‘രണ്ട് സെറ്റ് സ്വര്‍ണ്ണാഭരണം’, ‘മാഗ്‌നറ്റിക് കീ സപ്പോര്‍ട്ട്’, ‘അക്വപ്രഷര്‍ യോഗ സ്ലിപ്പര്‍’ എന്നീ അവകാശവാദങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത എപ്പിസോഡാണെന്ന് പ്രമോഷന്‍ നടത്തുന്ന ചാനലിലോ പ്ലാറ്റ്‌ഫോമിലോ വ്യക്തമായി പ്രദര്‍ശിപ്പിക്കുവാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!