പി എസ് സി റാങ്ക് പട്ടിക പുറത്തു വരും മുൻപ് നിർണായക വിവരങ്ങൾ പുറത്തുവിട്ട് മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. ടെലഗ്രാം ചാനലിലൂടേയും മൊബൈൽ ആപുകളിലൂടേയുമാണ് പട്ടികയുടെ വിശദാംശങ്ങൾ എന്നവകാശപ്പെടുന്ന വിവരങ്ങൾ പുറത്തുവിടുന്നത്.ഇ-മെറിറ്റ് ലേണിംഗ് ആപ് പുറത്തുവിട്ട എൽഡിസി റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ പുറത്തുവന്നു . പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് എത്രയെന്ന് നേരത്തേ അറിയിക്കാമെന്ന ഉറപ്പ് ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിൻ ഉദ്യോഗാർഥികൾക്കു നൽകുന്നുമുണ്ട്.പിഎസ് സിയിൽ അപേക്ഷ ക്ഷണിക്കുന്നതു മുതലുള്ള ഓരോ നടപടിക്രമവും അതീവ രഹസ്യമെന്നാണ് വയ്പ്. റാങ്ക് പട്ടിക എന്നു പ്രസിദ്ധീകരിക്കും, ഓരോ ജില്ലയിലും എത്ര പേരുണ്ടാകും തുടങ്ങിയവ പിഎസ് സി അംഗങ്ങൾ പോലും അറിയുന്നത് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാകും. എന്നാൽ റാങ്ക് പട്ടികയുട ജില്ല തിരിച്ചുള്ള കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.വിവരങ്ങൾ ആധികാരികമെന്നും കോച്ചിങ് സെന്ററുകൾ അവകാശപ്പെടുന്നു. എൽഡിസി റാങ്ക് പട്ടിക എന്നു പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി തീരുമാനിക്കും മുൻപേയാണ് ഈ പ്രചരണം.എൽഡിസി കട്ട് ഒഫ് മാർക്ക് എത്രയെന്ന് പിഎസ് സി പ്രഖ്യാപിക്കും മുൻപ് ഉദ്യോഗാർഥികളെ അറിയിക്കുമെന്നാണ് വാഗ്ദാനം. രണ്ടരലക്ഷത്തോളം ഉദ്യോഗാർഥികളാണ് എൽഡിസി മെയിൻസ് പരീക്ഷ എഴുതിയത്. അത്തരമൊരു പരീക്ഷയുടേയും അതിന്റെ ഫലപ്രഖ്യാപനത്തിന്റേയും വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് പരിശീലന കേന്ദ്രങ്ങളുടെ ഇടപെടൽ.ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഇത് വിശ്വസിക്കുകയും ചെയ്യുന്നു. 73,000ൽ അധികം സബ്സ്ക്രൈബേഴ്സാണ് ഈ ലേണിംഗ് ആപിന് ടെലഗ്രാമിൽ മാത്രമുള്ളത്.
പി എസ് സിയ്ക്ക് ബന്ധമില്ല: ചെയർമാൻ
പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പുതന്നെ വിവരങ്ങൾ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് ലഭിക്കുന്നുവെന്ന വാർത്തയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് പിഎസ് സി ചെയർമാൻ എം കെ സക്കീർ അറിയിച്ചു. വിഷയത്തിൽ പൊലീസിൽ പരാതി നൽകും. പി എസ് സി വിജിലൻസും അന്വേഷിക്കും. സംഭവവുമായി പി എസ് സിയ്ക്ക് ബന്ധമില്ലെന്നും വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും പിഎസ് സി ചെയർമാൻ പറഞ്ഞു.
ഞെട്ടലുളവാക്കുന്ന വാർത്ത: ഷാഫി പറമ്പിൽ എംഎൽഎ
പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പുതന്നെ വിവരങ്ങൾ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് ലഭിക്കുന്നുവെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം.പിഎസ്സിയില് പ്രതിപക്ഷത്ത് നിന്നും ഒരംഗം പോലുമില്ലെന്നും ഷാഫി പറഞ്ഞു.