കാസര്‍കോട്: ചെറുവത്തൂരില്‍ പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ ഷവര്‍മ വിറ്റ കൂള്‍ബാറിന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസന്‍സില്ല. ലൈസന്‍സിന് വേണ്ടി ഇവര്‍ ജനുവരി മാസത്തില്‍ അപേക്ഷിച്ചിരുന്നില്ലെങ്കിലും വെബ് സൈറ്റില്‍ അപേക്ഷ നിരസിച്ചുവെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്. നല്‍കിയ അപേക്ഷ അപൂര്‍ണ്ണമാണെങ്കില്‍ 30 ദിവസത്തിനകം പിഴവുകള്‍ തിരുത്തി നല്‍കണം. എന്നാല്‍ ഇവിടെ കടയുടമ അങ്ങനെ ചെയ്യാതെ നല്‍കിയ അപേക്ഷ കടയില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്.പെണ്‍കുട്ടിയുടെ മരണത്തില്‍ ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മ്മ മേക്കര്‍ നേപ്പാള്‍ സ്വദേശിനി സന്ദേശ് റായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചന്ദേര പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനി 16 കാരി ദേവനന്ദയായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂള്‍ബാറിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞിരുന്നു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. കണ്ണൂര്‍ കരിവളളൂരിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ദേവനന്ദ.സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
‘ഷവര്‍മ്മ കടയ്ക്ക് ലൈസന്‍സില്ല’; പ്രദര്‍ശിപ്പിച്ചിരുന്നത് ലൈസന്‍സിനായി നല്‍കിയ അപേക്ഷ
Image Slide 3
Image Slide 3