കണ്ണൂർ: നഗരത്തിൽ കുടുംബശ്രീ ഹോട്ടൽ പൊളിച്ചു മാറ്റിയ സംഭവത്തിൽ കോർപറേഷനെതിരെ മോഷണക്കുറ്റത്തിന് കേസ്.കോർപറേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന ചുരുങ്ങിയ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ടേസ്റ്റി ഹട്ട് ഹോട്ടലാണ് കഴിഞ്ഞ ദിവസം രാത്രി കോർപറേഷൻ അധികൃതർ പൊളിച്ചുമാറ്റിയത്.ഫ്രിഡ്ജ്, മിക്സി അടക്കമുള്ള മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കാണിച്ച് കുടുംബശ്രീ അംഗങ്ങളാണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ടൗൺ പൊലീസിന് കൈമാറിയ പരാതിയിൽ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയാണ് ചൊവ്വാഴ്ച മോഷണക്കുറ്റത്തിന് കേസെടുത്തത്.