//
16 മിനിറ്റ് വായിച്ചു

‘കാര്യങ്ങള്‍ വ്യക്തമാകട്ടെ’; മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് ഇതുവരെ വിളിച്ചിട്ടില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു വാര്യരുടെ പരാതിയെത്തുടര്‍ന്ന് തനിക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേസുമായി ബന്ധപ്പെട്ട് തന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ല എന്നും കാര്യങ്ങള്‍ വ്യക്തമാകട്ടെ എന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. നേരത്തെ, നുണ പ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വഴിയും നടക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗും ഇതിനൊപ്പം സനല്‍കുമാര്‍ പുറത്ത് വിട്ടിരുന്നു. കേസ് തനിക്കെതിരാണെന്ന വാര്‍ത്ത താന്‍ കണ്ടിരുന്നില്ലെന്നും അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പോസ്റ്റ് ചെയ്തതെന്നും അറിയിച്ച് നേരത്തയിട്ട പോസ്റ്റ് സനല്‍കുമാര്‍ പിന്‍വലിച്ചു.തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.

മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പങ്കുവെച്ചുകൊണ്ട് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്:

ഇന്ന് രാവിലെ 8.24 ന് എനിക്കൊരു കാള്‍ വന്നു. ആള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. മഞ്ജു വാര്യരുടെ പരാതിയില്‍ എനിക്കെതിരെയാണോ കേസ് എടുത്തിട്ടുള്ളത് എന്നയാള്‍ ചോദിച്ചു. ഞാന്‍ അറിഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞു. അയാള്‍ക്ക് ഒരു പത്രക്കുറിപ്പ് കിട്ടി എന്നും ആരാണ് അത് എഴുതിയുണ്ടാക്കിയതെന്ന് അറിയില്ലെന്നും അയാള്‍ പറഞ്ഞു. എനിക്ക് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഫോണ്‍ വെച്ചു. പിന്നീട് അതിന്റെ വിവരങ്ങള്‍ അറിയണമല്ലോ എന്ന് കരുതി ഞാന്‍ അയാളെ വിളിച്ചു. അതിന്റെ റെക്കോര്‍ഡ് ആണ് ചുവടെയുള്ളത്. നുണപ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വഴിയും നടക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി.എന്റെ ഫോണ്‍ ഹാക്ക് ചെയ്ത് റെക്കോര്‍ഡിംഗ് അസാധ്യമാക്കിയിരിക്കുന്നതിനാല്‍ മറ്റൊരു ഡിവൈസ് ഉപയോഗിച്ചാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. അതിനാല്‍ കാളിന്റെ ആദ്യഭാഗം മുറിഞ്ഞുപോയിട്ടുണ്ട്. എന്തായാലും ഇതൊക്കെയാണ് ഇന്നാട്ടില്‍ നടക്കുന്നത് എന്നതിന്റെ ഒരു രേഖയായി ഇതിവിടെ കിടക്കട്ടെ.

ഫോണ്‍കോള്‍ പുറത്ത് വിട്ട പോസ്റ്റ് പിന്‍വലിച്ചുള്ള പോസ്റ്റ്:

ഈ വാര്‍ത്ത ഞാന്‍ കണ്ടിരുന്നില്ല. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പോസ്റ്റ് ചെയ്തത്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് എന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. കാര്യങ്ങള്‍ വ്യക്തമാവട്ടെ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!