തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.നേരത്തെ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളില്‍ പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു. തക്കാരം ഹോട്ടലില്‍നിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു. ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അല്‍സാജ് ഹോട്ടലിന് നോട്ടീസ് നല്‍കി.അല്‍സാജ്, തക്കാരം എന്നീ ഹോട്ടലുകളില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ മറ്റ് ഹോട്ടലുകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷൈനി പ്രസാദ്, അരുണ്‍, ദിവ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.