ബെംഗളൂരു: പുലർച്ചെ പള്ളികളിൽ വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ആലപിച്ച സംഭവത്തിൽ നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാന പ്രകാരമാണ് നിരവധി പേർ അതിരാവിലെ ഹനുമാൻ ചാലിസയും മറ്റ് ഭക്തിഗാനങ്ങളും ആലപിച്ചത്. സംഭവത്തെ തുടർന്ന് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരു, മൈസൂരു, മാണ്ഡ്യ, ബെൽഗാം, ധാർവാഡ്, കലബുറഗി എന്നിവിടങ്ങളിലാണ് ശ്രീരാമസേന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് രംഗത്തെത്തിയത്. മൈസൂരിലെ ക്ഷേത്രത്തിൽ മുത്തലിക്കിന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലിസയും ഭക്തിഗാനങ്ങളും ആലപിച്ചു. പ്രതീകാത്മക പ്രതിഷേധമോ ഒരു ദിവസത്തേക്കുള്ള പ്രതിഷേധമോ അല്ലെന്നും പള്ളികളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികൾക്കെതിരെ സർക്കാർ നടപടിയെടുക്കുന്നത് വരെ തുടരുമെന്നും പ്രമോദ് മുത്തലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പാലിക്കാത്ത സംസ്ഥാന സർക്കാരിനും മുസ്ലീം സമുദായാംഗങ്ങൾക്കുമെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർമാർക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.