//
11 മിനിറ്റ് വായിച്ചു

‘അതിജീവിതയെ അപമാനിച്ചു’; ഇടത് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ച് ജെബി മേത്തര്‍

അതിജീവിതയെ ഇടത് നേതാക്കള്‍ അപമാനിച്ചെന്നാരോപിച്ച് വനിതാ കമ്മീഷനില്‍ പരാതി നല്‍കി രാജ്യസഭാ എംപിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തര്‍. മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ജെബി മേത്തര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. പൊലീസിന്റെ പിടിപ്പുകേടുകൊണ്ടാണ് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്.ഹര്‍ജിക്കെതിരെ രംഗത്ത് വന്ന ഇടത് നേതാക്കള്‍ അതിജീവിതയെ സമൂഹമധ്യത്തില്‍ അപമാനിച്ചതെന്നും ജെബി മേത്തര്‍ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഒന്നാം പ്രതി മുന്‍ മന്ത്രി എം എം മണിയാണെന്നും ‘വിശദമായി പിരശോധിച്ചാല്‍ കുറച്ച്, നമുക്കെല്ലാം പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്’  അദ്ദേഹം പ്രതികരിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അതിജീവിതയ്ക്ക് കൂടുതല്‍ മാനനഷ്ടമുണ്ടാകുമെന്നും എം പി പറഞ്ഞു.ക്യാബിനറ്റ് മന്ത്രിയും ഭരണഘടന സ്ഥാനം വഹിക്കുന്ന ആളുമായ ആന്റണി രാജു ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അവരെ അവഹേളിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിയെന്നും അന്വേഷണത്തില്‍ തൃപ്തയല്ലെന്ന് പറഞ്ഞ അതിജീവിതയെ കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.ഇവരുടെ നിലപാടുകള്‍ ഇരയ്ക്ക് നീതി ലഭിക്കുന്നതിമെതിരെയുള്ള അധികാര ദുര്‍വിനിയോഗമാണ്. അതുകൊണ്ട് ഇവരുടെ പ്രസ്താവനകള്‍ കേരള വനിതാ കമ്മീഷന്റെ ആക്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരാണെന്നും ജെബി മേത്തര്‍ പരാതിയില്‍ പറഞ്ഞു. ഇടത് നേതാക്കളുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മൊഴി എടുക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!