/
11 മിനിറ്റ് വായിച്ചു

ജാമ്യം തേടി പി സി ഇന്ന് ഹൈക്കോടതിയിൽ; പരി​ഗണിക്കുക മൂന്ന് ഹർജികൾ, റിമാന്റ് ആവശ്യവുമായി പൊലീസ്

വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന മുൻ എംഎൽഎ പിസി ജോർജ് നൽകിയ ജാമ്യ ഹർജി ഉൾപ്പടെ മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷൻ ഹർജിയാണ് രാവിലെ പത്തേകാലിന് ആദ്യം പരിഗണിക്കുക. ഇതേ കേസിൽ ജോർജിന്‍റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. അതേസമയം ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നുമാണ് പി സി ഉയർത്തുന്ന വാദം.പിസി ജോർജിനെ കസ്റ്റഡ‍ിയിൽ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. കേസിൽ വീഡിയോ അടക്കമുള്ള തെളിവുകൾ കൈവശമുള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിലെ സർക്കാർ മറുപടിയും ഇതിൽ നിർണായകമാകും. തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞദിവസമാണ് പിസി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിനെത്തുടർന്ന് കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ അർദ്ധ രാത്രി തന്നെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഇന്നലെ രാവിലെ ഹാജരാക്കിയ ജോർജിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.വർഗീയ ആക്രമണം നടത്താമെന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകി. എന്നാൽ തിടുക്കത്തിലുള്ള നടപടികൾക്ക് പിന്നിൽ സർക്കാരാണെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജ് ആരോപിച്ചിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!