തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തനിക്കെതിരേയും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്നും ഉമാ തോമസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്നും ഉമാ തോമസ് കൂട്ടിചേര്‍ത്തു.
ഉമാ തോമസിന്റെ വാക്കുകൾ:
‘വോട്ടര്‍മാരുടെ മനസ്സാണ് ഞാന്‍ കാണുന്നത്. എതിര് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരെ ബഹുമാനിക്കും.വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പമാണ്. എനിക്കെതിരേയും പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത് എത്ര വേദനയുണ്ടാക്കും എന്ന് എനിക്കറിയാം.’ ഉമാ തോമസ് പറഞ്ഞു.
വ്യാജ വീഡിയോ പ്രചാരണത്തില്‍ ഇതിനകം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമാണ് അറസ്റ്റിലായത്. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. ഇതിനിടെ വീഡിയോയുടെ ഉറവിടം അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവാണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.ജോ ജോസഫിനെതിരെ യുഡിഎഫ് സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്ലീലവീഡിയോ പ്രചരണത്തില്‍ മറുപടിയുമായി ഭാര്യ ദയ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയനിലപാടുകളും വികസനസ്വപ്നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്ന് ദയ പറഞ്ഞു. വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെയാണെന്നും ദയ പറഞ്ഞിരുന്നു.