///
12 മിനിറ്റ് വായിച്ചു

കില തളിപ്പറമ്പ്‌ ക്യാമ്പസ്‌ അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; ഉദ്ഘാടനം 13 ന്‌

കണ്ണൂർ:കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്- കേരള ജൂൺ 13 ന്‌ രാവിലെ 10 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ ക്യാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസി ആൻഡ്‌ ലീഡർഷിപ്പ്‌ കോളേജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ  അധ്യക്ഷനാകും. കോളേജിനോട്‌ അനുബന്ധിച്ച്‌ മികവിന്റെ കേന്ദ്രവും (സെന്റർ ഓഫ്‌ എക്സലൻസ്‌) ഒരുക്കും.ആദ്യഘട്ടത്തിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഇൻസ്റ്റിറ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന്റെ പ്രവർത്തനമാണ് ആരംഭിക്കുക.  അന്താരാഷ്ട്ര നിലവാരമുള്ള നിരവധി പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളാണ് ആരംഭിക്കുക. ഭരണ നിർവഹണത്തിൽ ആഗോള പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും ഈ പഠന പ്രക്രീയയുടെ ഭാഗമാകും. കേരളത്തിന്റെ ഭരണ രംഗത്തിന്‌ തന്നെ വഴികാട്ടികളാകാൻ കഴിയുന്ന ബിരുദാനന്തര ബിരുദ ധാരികളാകും കോളേജിൽ പഠിച്ചിറങ്ങുക. മാനവിക–സാമൂഹിക വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര- സാങ്കേതിക- കമ്മ്യൂണിക്കേഷൻ- ആസൂത്രണ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും കേന്ദ്രത്തിൽ ഉറപ്പാക്കും.രാജ്യത്തിന്‌ അകത്തും പുറത്തുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നേതാക്കൾക്കും പൊതു പ്രവർത്തകർക്കുമായി ആരംഭിക്കുന്ന റസിഡൻഷ്യൽ പരിശീലന കേന്ദ്രമാണ്‌ ക്യാമ്പസിന്റെ മറ്റൊരു ആകർഷണം. പൊതു പ്രവർത്തകർക്കൊപ്പം മറ്റ് മേഖലകളിൽ ഉള്ള നേതൃശേഷി ആർജിക്കാൻ താല്പര്യമുള്ളവർക്കും കേന്ദ്രത്തിന്റെ സഹായത്തോടെ ഹൃസ്വകാല പരിശീലനങ്ങൾ, ഇവിടെ താമസിച്ച് നടത്താനാകും. ടൂറിസത്തിനും  മറ്റ് പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകുന്ന ഒന്നായി നേതൃപഠന കേന്ദ്രം മാറും.  ലോകത്തെ നേതൃ പഠനരംഗത്തെ വിദഗ്ധരെ കേരളവുമായി കൂട്ടിയിണക്കുന്ന കണ്ണിയാകും കേന്ദ്രമെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!